Local News

മന്ത്രി എ കെ ശശീന്ദ്രൻ കക്കയം വനിതാ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു

1972 ൽ നടപ്പിലാക്കിയ കേന്ദ്ര വനം – വന്യജീവി നിയമം കാലഹരണപ്പെട്ടെന്നും കാലോചിത മാറ്റങ്ങൾ ഉണ്ടാവണമെന്നും വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിർമ്മിച്ച വനിതാ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതെല്ലാം ഉൾകൊള്ളുന്ന പുതിയ ഭേദഗതി സർക്കാർ സമർപ്പിച്ചു കഴിഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കി സൗഹാർദപരമായി എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷത്തിലേക്ക് കേരളം എത്തണമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിനെ ആധുനികവൽക്കരിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നതിൻ്റെ ഭാഗമായാണ് വനിതാ ബാരക്ക് കെട്ടിടം നിർമിച്ചത്. കെ എം സച്ചിൻദേവ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 92 ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ബാരക്കിന് ഇരുനിലക്കെട്ടിടം നിർമിച്ചത്. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കാണ് ഇവിടെ താമസസൗകര്യമൊരുക്കുക. കെട്ടിടത്തിന്റെ താഴെയും മുകളിലുമായി എട്ടുമുറികളുണ്ട്. ഓരോ മുറിയിലും ഡോർമെറ്ററി മാതൃകയിൽ കൂടുതൽപേർക്ക് കിടക്കാൻ സൗകര്യമൊരുക്കും. അടുക്കളയും ശൗചാലയവും ഒരുക്കിയിട്ടുണ്ട്.കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ഡാർളി അബ്രഹാം, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി പുകഴേന്തി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജെ. ജസ്റ്റിൻ മോഹൻ, സോഷ്യൽ ഫോറസ്ട്രി നോർത്തേൺ ഫോറസ്റ്റ് റീജിയൺ കൺസർവേറ്റർ ആർ കീർത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി കെ ഹസീന, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *